കൊട്ടാരക്കര: ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലും ചെങ്കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി കോണ്‍ഗ്രസ് പാളയത്തിലെത്തിയ മുന്‍ സിപിഎം എംഎല്‍എ ആയിഷ പോറ്റിയും മത്സരരംഗത്തിറങ്ങിയതോടെ കൊട്ടാരക്കരയിലെ മത്സരം തീ പാറും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ആർ. രശ്മി കളംമാറി എൻഡിഎ സ്ഥാനാർഥിയായി കളത്തിലുണ്ട്. ഇതോടെ ത്രികോണമത്സരത്തിലേക്കു നീങ്ങുന്ന കൊട്ടാരക്കര മണ്ഡലത്തിൽ ഫലം പ്രവചനാതീതമായിമാറുകയാണ്.
കഴിഞ്ഞ തവണ ബാലഗോപാല്‍ മത്സരിക്കാനെത്തുമ്പോള്‍ വിജയിപ്പിക്കാന്‍ മുന്നില്‍ നിന്നത് ആയിഷ പോറ്റിയായിരുന്നു. മന്ത്രി എന്ന നിലയിൽ കൊട്ടാരക്കരയിൽ നടത്തിയ വികസനപ്രവർത്തനങ്ങളെ മുന്നിൽ അക്കമിട്ടുനിരത്തിയാണ് ബാലഗോപാലിന്റെ പോരാട്ടം. മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും വികസനവും വോട്ടാക്കി മാറ്റാനുള്ള നീക്കം ശക്തമാക്കിയാണ് ബാലഗോപാലും എൽഡിഎഫും മുന്നോട്ടു പോകുന്നത്.
കൊട്ടാരക്കരയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ഉറപ്പിച്ച ആയിഷ പോറ്റിക്ക് പകരക്കാരനായാണ് നിലവിലെ ധനമന്ത്രിയായ കെ .എൻ. ബാലഗോപാൽ 2021ൽ എൽഡിഎഫ് സ്ഥാനാർഥിയായത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.എൻ. ബാലഗോപാൽ കോൺഗ്രസിന്റെ യുവ സ്ഥാനാർഥി ആർ. രശ്മിയെ 10,814 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും മണ്ഡലം നിലനിർത്തുകയും ചെയ്തു.
സിപിഎമ്മിന്റെ ജനപ്രിയമുഖമായിരുന്ന ആയിഷ പോറ്റി കേരള രാഷ്ട്രീയത്തിലെ അതികായകനായ ആർ.ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചു കൊട്ടാരക്കരയെ ചെങ്കോട്ടയാക്കിയ നേതാവാണ്. അവരുടെ വരവ് എൽഡിഎഫിനു ഒരു വെല്ലുവിളിതന്നെയാണ്. അവരെ വർഗവഞ്ചക എന്നു വിളിച്ച് സൈബർ ഇടങ്ങളിൽ ആക്രമിക്കാൻ എതിരാളികൾ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ജനപ്രിയമുഖം എൽഡിഎഫിനെ ഭയപ്പെടുത്തുന്നുണ്ട്.
25 വർഷത്തെ കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ശക്തമായി കാണാം. 2001ൽ ആർ. ബാലകൃഷ്ണ പിള്ള യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച് 12,968 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണിത്. അന്ന് കേരള കോൺഗ്രസ് (ബി) യുഡിഎഫിലെ നിർണായക ശക്തിയായിരുന്നു. എന്നാൽ ബാലകൃഷ്ണ പിള്ളയുടെ പതനം കണ്ട വർഷമായിരുന്നു 2006. സിപിഎമ്മിന്റെ സ്ഥാനാർഥിയായിരുന്ന ആയിഷ പോറ്റി, ബാലകൃഷ്ണ പിള്ളയെ 12,087 വോട്ടുകൾക്കു പരാജയപ്പെടുത്തി. അന്ന് മുതൽ കൊട്ടാരക്കര മണ്ഡലം ഇടത്തോട്ട് തിരിഞ്ഞു.
2011ൽ മണ്ഡല പുനർനിർണയത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ആയിഷ പോറ്റി വിജയം ആവർത്തിച്ചു. ബാലകൃഷ്ണ പിള്ളയുടെ മരുമകൻ ഡോ. എൻ.എൻ. മുരളിയെയാണ് അന്ന് ആയിഷ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 20,592 ആയി ഉയരുകയും ചെയ്തു.
2016ൽ ആയിഷ പോറ്റി ഹാട്രിക് തികച്ചു. കോൺഗ്രസിലെ സവിൻ സത്യനെ 42,632 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കി.
ഏതായാലും ഇത്തവണത്തെ തെരഞ്ഞെടുപ്പ് കൊട്ടാരക്കരക്കാരെ സംബന്ധിച്ച് അൽപ്പം ആശയക്കുഴപ്പത്തിനു കൂടി വേദിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ പല തവണ വിജയിച്ച ആയിഷ പോറ്റി ഇത്തവണ കൈപ്പത്തി ചിഹ്നത്തിലും കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ആർ. രശ്മി ഇത്തവണ താമര ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.